എറണാകുളത്ത് കനത്ത പോളിംഗ് ; 55 ശതമാനം വോട്ട് രേഖപ്പെടുത്തി; വൈപ്പിനിൽ കള്ളവോട്ട്

കൊച്ചി: എറണാകുളം ജില്ലയിൽ സമാധാനപരമായ കനത്ത പോളിംഗ്. രണ്ടു മണി കഴിഞ്ഞതോടെ ജില്ലയിൽ പോളിങ് 55 ശതമാനം പിന്നിട്ടതായാണ് സൂചന. ഏറ്റവും കൂടുതൽ ആളുകൾ സമ്മതിധായകാവകാശം രേഖപ്പെടുത്തിയത് കുന്നത്തുനാട്ടിലാണ്.കുന്നത്തുനാട് മണ്ഡലത്തിലെ 85-ാം നമ്പർ ബൂത്തായ ജമാ അത്ത് യുപി സ്കൂൾ പട്ടിമറ്റത്താണ് ജില്ലയിൽ ഇതുവരെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70 ശതമാനത്തിൽ ഏറെയാണ് ഇവിടെ പോളിംഗ്.

വൈപ്പിനിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. രണ്ട് പരാതികളാണ് ഉയർന്നിരിക്കുന്നത്.
മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിൽ 125 നമ്പർ ബൂത്തിൽ ആണ് കള്ളവോട്ട് നടന്നതായി പരാതി വന്നിരിക്കുന്നത്. കുറിയപ്പശ്ശേരി അനി എന്ന വോട്ട്ർക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അൽപ നേരം മുൻപ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫിസർ അറിയിച്ചത്. തുടർന്ന് പോളിംഗ് ബൂത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന അനിയെ ചലഞ്ച് വോട്ട് ചെയ്യിക്കാനാണ് തീരുമാനം.

മറ്റൊരു പരാതി വന്നിരിക്കുന്നത് വൈപ്പിൻ ദേവിവിലാസം സ്‌കൂളിൽ നിന്നാണ്. 71-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേരി തോമ്മന് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. നേരത്തെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന് പോളിംഗ് ഓഫിസർമാർ പറയുമ്പോൾ തന്റെ വീട്ടിൽ ആരും എത്തിയില്ലെന്നാണ് മേരി തോമ്മൻ പറയുന്നത്.

ജില്ലയിൽ 27 ട്രാൻസ് ജൻഡർ വോട്ടുകൾ ഉള്ളതിൽ അഞ്ചു പേർ ഇതുവരെ വോട്ട് ചെയ്തു. 18.51 ആണ് വോട്ടിങ് ശതമാനം. പെരുമ്പാവൂരിൽ ട്രാൻസ് ജൻഡർ വോട്ട് ശതമാനം 100 ആയി. കോതമംഗലത്തും ആലുവയിലും 50 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ള എറണാകുളം മണ്ഡലത്തിൽ ഒരാൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതമാനം
സമയം : 01.20

പെരുമ്പാവൂർ – 48.90
അങ്കമാലി- 50.42
ആലുവ – 49.66
കളമശേരി – 49.72
പറവൂർ – 49.92
വൈപ്പിൻ – 49.14
കൊച്ചി- 44.20
തൃപ്പൂണിത്തുറ – 49.82
എറണാകുളം- 43.84
തൃക്കാക്കര – 46.65
കുന്നത്തുനാട് – 51.02
പിറവം – 49.43
മുവാറ്റുപുഴ – 47.22
കോതമംഗലം – 49.37