‘എൻ്റെ ജീവനാണ് ഷാഫി സാർ’; ഷാഫിക്ക് വോട്ട് ചെയ്യാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് പാലക്കാട്ടെ 65 വയസ്സുകാരി ലീല; ഒടുവിൽ ഷാഫി നേരിട്ടെത്തി

പാലക്കാട്: പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പാലക്കാട്ടെ 65 വയസ്സുകാരി ലീല നിരാശയിലാണ്. എല്ലാതവണയിലും പോലെ ആവശത്തോടെ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് അറിയുന്നത് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല എന്ന്. പിന്നെ മണപ്പുള്ളിക്കാവ് സ്‌കൂളിലെ വലിയ മരത്തിന് ചുവട്ടിലിരുന്ന് മുത്തശ്ശി വിതുമ്പിക്കരഞ്ഞു.

രാവിലെ മണപ്പള്ളിക്കാവ് സ്‌കൂളിലെ ബൂത്തിലെത്തിയപ്പോൾ പേര് വോട്ടർ പട്ടികയിലില്ല എന്ന് ഉദ്യോഗസ്ഥർ ലീലയെ അറിയിക്കുകയായിരുന്നു. ഇതോടെ മുത്തശ്ശിക്ക് സങ്കടമടക്കാനായില്ല. ജീവനയാ ഷാഫിയ്ക്ക് വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ലീല. എന്നാൽ അത് സാധിക്കാത്തതിന്റെ നിരാശയാണ് കണ്ണീരായി പൊഴിഞ്ഞത്.

‘എൻറെ ജീവനാണ് ഷാഫി സാർ’…എന്നായിരുന്നു കണ്ണീരോടെ ലീലയുടെ ആദ്യ പ്രതികരണം. ഷാഫിക്ക് വോട്ട് ചെയ്യാൻ കഴിയാത്തതിലുള്ള എല്ലാ സങ്കടവും ആ വാക്കുകളിൽ വ്യക്തം.

എന്നാൽ മുത്തശ്ശിയെ ആശ്വാസിപ്പിക്കാൻ ഷാഫി പറമ്പിൽ എംഎൽഎ നേരിട്ടെത്തി. ഇതോടെ മാധ്യമങ്ങളെല്ലാം ലീലയെ വളഞ്ഞു. അന്തിമ പട്ടിക വന്നപ്പോൾ ഒഴിവായതാണോ, മറ്റെവിടെങ്കിലും മാറിക്കിടപ്പുണ്ടോ എന്ന് ഉടൻ പരിശോധിക്കാമെന്ന് ഷാഫി പറമ്പിൽ ഉറപ്പുനൽകിയതോടെയാണ് മുത്തശ്ശിക്ക് ആശ്വാസമായത്.

പാലക്കാട് സിവിൽ സ്റ്റേഷന് അടുത്താണ് ലീലയുടെ താമസം. കഴിഞ്ഞ ലോക്‌സഭാ തരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ലീലയ്‌ക്ക് ഇടമില്ലാതെപോവുകയായിരുന്നു.