അകമ്പടി വാഹനങ്ങളുടെ നടുവിൽ ഓട്ടോറിക്ഷയിൽ രാഹുൽ ഗാന്ധി; ഒപ്പം, കെസി വേണുഗോപാലും ടി സിദ്ദിഖും

കൽപ്പറ്റ: വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ ഹെലിപാട് വരെ ഓട്ടോറിക്ഷ തിരഞ്ഞെടുത്ത് രാഹുൽ ഗാന്ധി. അകമ്പടി വാഹനങ്ങളുടെ നടുവിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന രാഹുൽ കൗതുകക്കാഴ്ചയായി. കൽപ്പറ്റയിലെ ഷെരീഫ് എന്ന വ്യക്തിയുടെ ഓട്ടോയിലാണ് രാഹുൽ ഹെലിപാടിലേക്ക് യാത്ര ചെയ്തത്.

ഓട്ടോക്കാരുടെ ജീവിതം മനസിലാക്കാനും അവരുടെ അവസ്ഥകൾ അടുത്തറിയാനുമാണ് രാഹുൽ ഓട്ടോ യാത്ര ഉപയോഗപ്പെടുത്തിയത്. ഇന്ധനവില വർധന, വരുമാനം, കുടുംബം, ജീവിത സാഹചര്യങ്ങൾ എന്നിവ രാഹുൽ ഓട്ടോഡ്രൈവറോട് ചോദിച്ചറിഞ്ഞു.

രണ്ടര മിനിറ്റോളം അദ്ദേഹത്തോട് സംസാരിച്ച രാഹുൽ കൈ കൊടുത്താണ് അവസാനം യാത്ര ചോദിച്ചത്. കെ.സി വേണുഗോപാൽ, ടി.സിദ്ദിഖ് എന്നിവരും രാഹുലിനൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്നു. യുഡിഎഫ്​ അധികാരത്തിലെത്തിയാൽ ന്യായ്​ നടപ്പാക്കുമെന്ന്​ ഉറപ്പ്​ നൽകിയാണ്​ രാഹുൽ സംഭാഷണം അവസാനിപ്പിച്ചത്​. ​

കെ.സി വേണുഗോപാലാണ്​ ഇരുവരും തമ്മിലുള്ള സംഭാഷണം പരിഭാഷപ്പെടുത്തിയത്​. ടി. സിദ്ദിഖിന്റെ വിജയം ഉറപ്പിച്ചാണ് കൽപ്പറ്റയിൽ നിന്ന് രാഹുൽ മടങ്ങിയത്.