കാണാതായ ആൺകുട്ടി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; കുട്ടി പബ്ജി ഗെയിമിന് അടിമയെന്ന് വീട്ടുകാർ

മംഗളൂരു: കാണാതായ ആൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മംഗളൂരു കെ.സി. റോഡ് സ്വദേശിയായ 12-കാരനെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രിയാണ് 12-കാരനെ വീട്ടിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഫോണിൽ സംസാരിച്ചുകൊണ്ട് വീട്ടിൽനിന്നിറങ്ങിയ കുട്ടി പിന്നീട് തിരികെവന്നില്ല.

കുട്ടിയെ കാണാതായതോടെ ശനിയാഴ്ച രാത്രി തന്നെ ഉള്ളാൾ പോലീസിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. കുട്ടി പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മംഗളൂരു പോലീസ് കമ്മീഷണർ പറഞ്ഞു.