എൽഡിഎഫിന്റെ ‘മോഡൽ’ പാറു അമ്മയ്ക്ക് ഭക്ഷണവുമില്ല, വീടുമില്ല; ‘ഇന്നലത്തെ കഞ്ഞിവെള്ളമാണ് ഇന്നത്തെ ഭക്ഷണം’;പാറു അമ്മയുടെ ജീവിതമിങ്ങനെ

കളമശേരി: ‘ഉറപ്പാണ് ഭക്ഷ്യ സുരക്ഷ, ഉറപ്പാണ് എൽ ഡി എഫ്’ – ഈ പരസ്യവാചകത്തിനൊപ്പമുള്ള പോസ്റ്ററിൽ ചിരിച്ച്‌ നിൽക്കുന്ന പാറു അമ്മയെന്ന 83 കാരിയെ മറക്കാൻ ഇടയില്ല. എന്നാൽ പാറുകുട്ടിയമ്മയുടെ ജീവിതത്തിൽ അത്ര ചിരി പോരാ. ഭക്ഷ്യ സുരക്ഷ ഉറപ്പാണെന്ന് പറയുന്ന പോസ്റ്ററുകളിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന പാറു അമ്മയ്ക്ക് കഞ്ഞി വെയ്ക്കാൻ ഒരു നുള്ള് അരി പോലുമില്ല എന്നതാണ് വാസ്തവം.

കളമശേരി സ്വദേശിനിയായ പാറു അമ്മയുടെ വീട്ടിൽ ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വീടിന്റെ ശോചനീയമായ അവസ്ഥ പുറംലോകമറിയുന്നത്. ‘റേഷൻ കിട്ടിയ അരി തീർന്നു. ഇന്നലെ വെച്ച കഞ്ഞിവെള്ളം കുടിച്ചാണ് നിലനിൽക്കുന്നത്’ എന്നാണ് പാറു അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ആദ്യമായി പോസ്റ്റൽ വോട്ട് ചെയ്തതിന്റെ സന്തോഷവും പാറു അമ്മയ്ക്കുണ്ട്. ‘ഞാൻ 100 വയസ് വരെ ജീവിക്കും. എന്റെ ജാതകത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട്’- പാറു അമ്മ പറയുന്നു. പാറു അമ്മയുടെ വീടിന് മുകളിലെ ഷീറ്റിലേക്ക് അടുത്തുള്ള മരക്കൊമ്പ് ഒടിഞ്ഞ് നിൽക്കുകയാണ്. ഒരു കാറ്റ് വന്നാൽ മരക്കൊമ്പ് ഷീറ്റ് മുകളിലേക്ക് വീഴും. മരക്കൊമ്പ് മുറിഞ്ഞ് വീണാൽ വീട് തകരും. പരസ്യത്തിന്റെ മോഡലാകാൻ ആവശ്യപ്പെട്ട് എത്തിയവർ പോലും ആ മരക്കൊമ്പ് മുറിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.