കൊച്ചി: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ നാടുവിടാൻ ഉപയോഗിച്ച സ്വന്തം കാർ പൊളിച്ചു വിറ്റതായി സൂചന. ചെന്നൈയിലേക്കു പോയ അന്വേഷണ സംഘം അവിടത്തെ പഴയ കാർ വർക്ഷോപ്പുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരത്തെ സനു മറ്റൊരു കാർ പൊളിച്ചു വിറ്റതായി പൊലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇതിനിടെ സനുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു.മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ മാധ്യമങ്ങൾ വഴിയും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആൾത്തിരക്കുള്ള കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോ പരസ്യപ്പെടുത്തും. പ്രാദേശികഭാഷയിൽ വിശദാംശങ്ങളും ഇതിനൊപ്പം നൽകും.
കാറിനെപ്പറ്റി വിവരം ലഭിച്ചാൽ അറിയിക്കണമെന്നും നോട്ടിസിലുണ്ട്. സനുവിനെ കണ്ടെത്താൻ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പുനെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.
സനു മോഹന്റെ ഫ്ലാറ്റിലെ മുറിയിൽ കണ്ടെത്തിയ രക്തം ആരുടേതെന്നത് വ്യക്തമായാൽ അന്വേഷണം എളുപ്പമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ഫ്ളാറ്റിൽ കണ്ടെത്തിയ രക്തം ആരുടേത് എന്ന ഉത്തരം ലഭിക്കാൻ ഫൊറൻസിക് പരിശോധനാ ഫലം ലഭിക്കണം.
സനുവിന്റെയോ വൈഗയുടേതോ രക്തവുമായി സാമ്യമില്ലെങ്കിൽ അന്വേഷണം കൂടുതൽ ദുഷ്ക്കരമാകും. വൈഗയുടെ മരണത്തിലും സനുവിന്റെ തിരോധാനത്തിലും മൂന്നാമതൊരാൾക്കു പങ്കുണ്ടെന്ന തരത്തിലേക്ക് ഇത് അന്വേഷണം എത്തിക്കും.സനുവുമായി ബന്ധമുള്ള ആരെയും ഫോൺ രേഖകളുടെ പരിശോധനയിൽ കണ്ടെത്താനായിട്ടില്ല.
പുനെയിൽ സനുവുമായി കേസുള്ള വ്യക്തികളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ക്വട്ടേഷൻ സംഘം തന്നെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഭയം സനുവിന് ഉണ്ടായിരുന്നതായി പൊലീസിനു സൂചന കിട്ടിയിരുന്നുസനു വൈഗയുമായി പുറത്തു പോയ ദിവസം ഫ്ലാറ്റിൽ അപരിചിതർ എത്തിയിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.
മുറിയിൽ കണ്ട രക്തക്കറയും മറ്റു തെളിവുകളും തലേന്നാളത്തേതു തന്നെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മകളെ പുഴയിൽ തള്ളിയ ശേഷം സനു ജീവനൊടുക്കാനുള്ള സാധ്യത അന്വേഷണത്തിന്റെ ആദ്യ നാളുകളിൽ പൊലീസിന് ഉണ്ടായെങ്കിലും ഇപ്പോൾ ആ സാധ്യതയ്ക്കു മങ്ങലേറ്റു.