തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യം കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ മുന്നറിയിപ്പും, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർധനയും കണക്കിലെടുത്താണ് നടപടി. പകരം ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെ പ്രചാരണം നടത്താനും അനുമതി നൽകി.
തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർമുമ്പേ ഉച്ചഭാഷിണികൾ നിരോധിക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ മുതൽ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളുടെ ഉപയോഗവും പാടില്ല. ഗസ്റ്റ് ഹൗസുകളിൽ ഉൾപ്പടെ ആളുകൾ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോ വോട്ടർമാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റർ പരിധിയിക്കുള്ളിൽ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. സ്ഥാനാർത്ഥിക്ക് ഒരുവാഹനം, ഇലക്ഷൻ ഏജന്റിന് ഒരു വാഹനം, പാർട്ടി പ്രവർത്തകർക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാർഥിയോ, ബൂത്ത് ഏജന്റോ ഏർപ്പെടുത്താൻ പാടില്ല. എന്നിങ്ങനെയാണ് നിബന്ധനകൾ.