തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാരെ സ്വാധീനിക്കാൻ സ്കൂൾ വിദ്യാർഥികൾക്കുള്ള അരിയും ഭക്ഷ്യഭദ്രത അലവൻസും വീടുകളിൽ എത്തിക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് നീക്കിവെച്ചതും കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതെ കിടക്കുന്നതുമായ അരിയാണ് ഒരുമിച്ച് വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ആസൂത്രിത നീക്കം നടത്തുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്ലെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു. അധ്യയനവർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് അരി കൊടുത്തുതീർക്കേണ്ടതിനാലാണ് ഇപ്പോൾ വിതരണം ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം. എന്നാൽ ഇക്കാര്യം നേരത്തേ അറിയാമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടി.
അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച സർക്കാർ തെരഞ്ഞെടുപ്പിന് എല്ലാം വാരിക്കോരി കൊടുത്തുവെന്ന് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് പരക്കെ ആക്ഷേപം ശക്തമായിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഭക്ഷ്യധാന്യം വിദ്യാർഥികൾക്ക് പാചകം ചെയ്ത് നൽകാൻ സാധിക്കാതെ വന്നാൽ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം അലവൻസ് അനുവദിക്കണം.