കെഎസ്ആർടിസിയിലെ ഉന്നത തസ്തികകളിൽ സർക്കാർ പിഎസ് സിയെ ഒഴിവാക്കി; വേണ്ടപെട്ടവർക്ക് പിൻവാതിലിലൂടെ കരാർ നിയമനങ്ങൾ ; ഉത്തരവുകൾ പുറത്ത്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഉന്നത തസ്തികകളിൽ പിഎസ് സിയെ ഒഴിവാക്കി വേണ്ടപെട്ടവർക്ക് പിൻവാതിലിലൂടെ കരാർ നിയമനങ്ങൾ നൽകിയത് സംബന്ധിച്ച ഉത്തരവുകൾ പുറത്ത്. കെഎസ്ആർടിസിയുടെ കീഴിൽ പുതുതായി ആരംഭിച്ച സ്വിഫ്റ്റ് കമ്പനി യിലേയ്ക്കുള്ള നിയമനങ്ങൾ ലക്ഷ്യം വച്ച് രണ്ട് സ്ഥാപനങ്ങളിലേ യ്ക്കുമെന്ന തരത്തിലാണ് കരാർ നിയമനഉത്തരവുകൾ നൽകിയിരിക്കുന്നത്. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകരനാണ് നിയമന ഉത്തരവുകളിൽ ഒപ്പുവച്ചിട്ടുള്ളത്.

പ്രതിമാസം ഒന്നര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളത്തിൽ അഞ്ചു വർഷത്തേക്കാണ് കരാർ നിയമനങ്ങൾ നൽകിയിട്ടുള്ളത്. ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർമാർ,ഡെപ്യൂട്ടി മാനേജർമാർ എന്നിവർക്കാണ് ഇപ്പോൾ നിയമനഉത്തരവുകൾ നൽകിയിട്ടുള്ളത്.ഡെപ്യൂട്ടി മാനേജർമാരുടെ നിയമനങ്ങൾ തത്ക്കാലം ഒരുവർഷത്തെ കരാറിലാണ്.

പുതുതായി നിലവിൽ വന്ന കമ്പനിക്കുവേണ്ടി നടത്തിയ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ഭരണ പ്രതിപക്ഷ സംഘടനകൾ പ്രതികരിക്കാത്തത് സ്വിഫ്റ്റിൽ നടത്തുന്ന നിയമനങ്ങളുടെ വിഹിതം ലക്ഷ്യം വച്ചാണെന്ന് ജീവനക്കാർക്കിടയിൽ ആക്ഷേപമുണ്ട്.

കെഎസ്ആർടിസി യിലെ ഇടത്തരം മാനേജ്മെൻ്റ് സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ട്‌ അനുസരിച്ച് പിഎസ് സി വഴി നിയമനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു.

വകുപ്പിലുള്ളവർക്ക് വേണ്ടി പിഎസ് സി നടത്തിയ ടെസ്റ്റിലൂടെ 36 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും ലിസ്റ്റ് റദ്ദാക്കിയ ശേഷമാണ് പിൻവാതിലിലൂടെ കരാർ നിയമനങ്ങൾ നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് തിരക്കിട്ട് നിയമനങ്ങൾ നടത്തുകയായിരുന്നു.