ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടുകൾ തിരിച്ചറിയാൻ 30-നുമുമ്പ് നടപടികൾ പൂർത്തിയാക്കും. കളക്ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികളിലേക്ക് കടക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത് പൂർത്തിയാക്കുന്നതുവരെ പട്ടികയിൽനിന്ന് പേര് നീക്കംചെയ്യുക സാധ്യമല്ല. നിലവിൽ പരാതികളിലൂടെയും അല്ലാതെയും കണ്ടെത്തിയ ഇരട്ടവോട്ടുകളിലും ഒന്നിലധികം മണ്ഡലങ്ങളിൽ ഒരാൾക്ക് വോട്ടുള്ളതിലും ഒറ്റവോട്ടുമാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഒന്നിലധികം തവണ പേര് ഉൾപ്പെടുകയോ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നടപടി കർശനമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂർവമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളുണ്ടാകും.
2019-നുശേഷംമാത്രം 69 ലക്ഷം ഇരട്ടവോട്ടുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്.