തിരുവനന്തപുരം: ഇടതുപക്ഷ സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘ(പു.ക.സ)ത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് വീഡിയോകൾ പങ്കുവെച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷത്തിന് വേണ്ടി പു ക സ തയ്യാറാക്കിയ പ്രചാരണ വീഡിയോകളാണ് സൈബറിടങ്ങളിൽ രൂക്ഷവിമർശനങ്ങൾക്കും ട്രോളുകൾക്കും പാത്രമായത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പു ക സയുടെ ജില്ലാ കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് പ്രചരണ വീഡിയോകൾ തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ പങ്കുവെച്ച വീഡിയോകളുടെ ഉള്ളടക്കം ഇസ്ലാമോഫോബിയയും ബ്രാഹ്മണ്യ വാദവുമാണ് എന്ന തരത്തിലാണ് കൂടുതൽ വിമർശനങ്ങളും ഉയരുന്നത്. ഫേസ്ബുക്ക് വീഡിയോകളുടെ ചുവടെ ഇത്തരം വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൂടുതൽ കമൻറുകളും.