കോട്ടയം: ഉള്ളത് തുറന്നു പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സർക്കാർ ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമാണെന്നും അദേഹം തുറന്നടിച്ചു.
മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
മന്നം ജയന്തി പൊതു അവധി ദിവസമാണെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ലും 2018 ലും രണ്ട് തവണ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.