ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പനീർസെൽവത്തിൻ്റെ പ്രസ്താവനയെ ചൊല്ലി അണ്ണാ ഡിഎംകെയിൽ ഭിന്നത. ശശികലയെ തിരിച്ചെടുക്കേണ്ടതില്ലെന്ന നിലപാടാണ് അണ്ണാ ഡിഎംകെയുടേതെന്ന് മന്ത്രി ഡി ജയകുമാർ പറഞ്ഞു. പനീർസെൽവത്തിന്റെ പ്രസ്താവന പുതിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
അതിനിടെ സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾക്ക് നേരെയുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം അണ്ണാ ഡിഎംകെയിൽ ശശികല വീണ്ടും ചർച്ചയാവുകയാണ്. പാർട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാൽ ശശികലയെ തിരിച്ചെടുക്കുമെന്ന ഒ പനീർസെൽവത്തിന്റെ പ്രസ്താവനയാണ് ഇതിന് വഴിവച്ചത്.
എടപ്പാടി പളനിസ്വാമിയുടെ അടുത്ത് അനുയായിയും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാർ ഒപിഎസിന്റെ പ്രസ്താവന തള്ളി. ശശികലയെ തിരിച്ചെടുക്കേണ്ടതില്ല എന്നത് പാർട്ടി നിലപാടാണെന്ന് ഡി ജയകുമാർ കൂട്ടിച്ചേർത്തു. റായ്പുരം മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയാണ് ഡി ജയകുമാർ.
അതേസമയം, ഒപിഎസിന്റെ പ്രസ്താവനയിൽ ഇതുവരെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വലിയ പരാജയം നേരിട്ടാൽ ശശികല പാർട്ടിയിൽ തിരികെയെത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലുള്ള പനീർശെൽവത്തിന്റെ പ്രസ്താവന പളനിസ്വാമിക്കെതിരായ നീക്കമായി വിലയിരുത്തുന്നു.
ഇതിനിടെ, സംസ്ഥാനത്തെ മുതിർന്ന ഡിഎംകെ നേതാവും തിരുവണ്ണാമലയിലെ സ്ഥാനാർഥിയുമായ ഇ വി വേലുവിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. വേലുവിന്റെ പ്രചാരണത്തിനായി എംകെ സ്റ്റാലിൻ തിരുവണ്ണാമലൈ മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.