മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ കുന്നത്തൂരിലെ സ്ഥാനാർഥി കോവൂർ കുഞ്ഞുമോനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളി. മുഖ്യമന്ത്രിക്കൊപ്പം കോവൂർ കുഞ്ഞുമോൻ വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. എന്നാൽ തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണ്. മറ്റ് വ്യാഖ്യാനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും എംഎൽഎയുടെ ഓഫിസ് പ്രതികരിച്ചു.

എംഎൽഎയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടർമാരോട് മാപ്പു പറയണമെന്നും യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ പ്രതികരിച്ചു.

ഇടതുമുന്നണി കുഞ്ഞുമോന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി എത്തിയപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉണ്ടായ കാര്യങ്ങൾ നിർഭാഗ്യകരമാണ്. മുഖ്യമന്ത്രി നോക്കിനിൽക്കെയാണ് കുഞ്ഞുമോന്റെ കോളറിന് കുത്തിപ്പിടിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥൻ പുറകിലേക്ക് തള്ളിയത്. ഇരുപത് വർഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോൻ, ഈ നാടുമുഴുവൻ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്ലക്‌സുകളുമുണ്ട്.

കുഞ്ഞുമോനെ ഈ നാട്ടിൽ വെച്ച്‌ ഇങ്ങനെ അക്രമിക്കാമെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎൽഎ എന്ന നിലയിൽ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവിൽ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണെന്നും ഉല്ലാസ് കോവൂർ പ്രതികരിച്ചു.