കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിൻറെ ഭാഗമായി മത്സരിക്കുന്ന അമ്മയ്ക്കു ലഭിച്ച ചിഹ്നവും നൊമ്പരമായി മാറിയിരിക്കുകയാണ്. നേരത്തെ പീഡനത്തെ തുടർന്ന് മരിച്ച കുട്ടികളുടെ ഉടുപ്പ് പ്രതിഷേധത്തിൻറെ ചിഹ്നമായി മാറിയിരുന്നു.
പ്രചാരണത്തിനുള്ള പണം കണ്ടെത്താൻ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം ചോദിച്ചിട്ടുണ്ട്. പിണറായിക്കെതിരെ ധർമ്മിടത്താണ് ഇവർ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥി ആയാണ് മത്സരം.
തനിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ഫ്രോക് അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചിഹ്നം അനുവദിച്ചത്.