തെരഞ്ഞെടുപ്പ് കാലത്തെ വാഹനപരിശോധനയുടെ പേരിൽ വ്യാജസംഘം 94 ലക്ഷം തട്ടി​

തൃശ്ശൂർ : തെരഞ്ഞെടുപ്പ് കാലത്തെ വാഹനപരിശോധനയുടെ പേരിൽ വ്യാജ സംഘം പണം തട്ടിയതായി പരാതി. ഒല്ലൂരിൽ പച്ചക്കറി ലോറിയിൽ നിന്നും 94 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്നുമാണ് പണം നഷ്ടമായത്. തമിഴ്‌നാട്ടിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ഒല്ലുരിൽവെച്ച് ഇലക്ഷൻ അർജന്റ് വ്യാജ ബോർഡുവെച്ച് കാറിൽ എത്തിയ സംഘം പച്ചക്കറി ലോറി തടയുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ലോറിയിൽ നിന്നും താഴെയിറക്കി കാറിൽ കയറ്റി കൊണ്ടുപോയി.

അൽപ്പ സമയത്തിന് ശേഷം ഇവരെ തിരിച്ച് ലോറിക്കരികിൽ തന്നെ ഇറക്കിവിടുകയും ചെയ്തു. സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചതോടെയാണ് പണം നഷ്ടമായതായി അറിഞ്ഞത്.വിവരം അറിഞ്ഞയുടൻ മുഹമ്മദ് പോലീസിൽ പരാതി നൽകുകയായിരുന്നു.