‘പോരാളി ഷാജി’ക്കെതിരെ വിഎം സുധീരന്‍ ഡിജിപിക്ക് പരാതി നൽകി; അന്വേഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കുമാണ് സുധീരന്‍ പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

എടതിരിഞ്ഞി വായനശാല ചര്‍ച്ചാവേദി, ‘പോരാളി ഷാജി’ എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലാണ് തന്റെ പേരില്‍ അപകീര്‍ത്തികരമായ പ്രസ്താവനകളുള്ളതെന്ന് സുധീരന്റെ പരാതിയില്‍ പറയുന്നു. ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് യഥാര്‍ഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. വാസ്തവ വിരുദ്ധമായ ഈ പോസ്റ്റുകള്‍ നീക്കംചെയ്യണമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.