കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പിതാവും തൃണമൂൽ നേതാവുമായ ശിശിർ അധികാരി ബിജെപിയിൽ. ആഴ്ചകൾ നീണ്ടുനിന്ന ഊഹക്കച്ചവടത്തിന് ശേഷം ശിശിർ അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വേദി പങ്കിട്ടു.
എഗ്രയിലെ റാലിയിൽ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു. ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന ശിശിർ അധികാരി തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു. ഇപ്പോൾ തൃണമൂൽ വിട്ട് ബിജെപി പാളയത്തിലെത്തി.
ബിജെപി നേതാവ് മാൻസുഖ് മാണ്ഡ്വിയുമായി ശിശിർ അധികാരി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ഇതോടെ ശിശിർ അധികാരി ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അമിത് ഷായുടെ റാലിയിലേക്ക് ക്ഷണിച്ചായിരുന്നു മാൻസുഖിന്റെ കൂടിക്കാഴ്ച.
ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ശക്തനായ എതിരാളിയാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ പിതാവും സഹോദരൻ ദിവ്യേന്ദു അധികാരിയും തൃണമൂൽ എം.പിമാരാണ്. സുവേന്ദുവിനെതിരെ മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ ശിശിർ അധികാരി രംഗത്തെത്തിയിരുന്നു.