തിരുവനന്തപുരം: കേരളാ കോൺഗ്രസ്-ബി ചെയർമാനും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥ യിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.
കൊറോണ വാക്സിനെടുത്തതിനെ തുടർന്നുള്ള പ്രശ്നങ്ങളാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മകനും പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.ബി.ഗണേഷ് കുമാർ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്നതിനാൽ പത്തനാപുരത്തെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ബാലകൃഷണപിള്ള എത്തിയിരുന്നു.
കേരള സ്റ്റേറ്റ് വെല്‍ഫെയര്‍ കോര്പ്പറേഷന് ഫോര്‍ ഫോര്‍വേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ ചെയര്‍മാനാണ്. 2010 വരെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്ന ബാലകൃഷ്ണ പിള്ള നിരവധി തവണ മന്ത്രിയുമായിട്ടുണ്ട്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജിക നാണ് ഇദ്ദേഹം. ഇടമലയാർ അഴിമതി കേസിൽ സുപ്രീംകോടതി ഒരു വർഷം തടവു ശിക്ഷക്ക് വിധിച്ചിരുന്നു.
അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയുമാണ് ആർ. ബാലകൃഷ്ണപ്പിള്ള. ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം രോഗാവസ്ഥ പരിഗണിച്ച് ശിക്ഷായിളവ് നൽകി ഇദ്ദേഹത്തെ വിട്ടയച്ചു.