കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കേസിൽ സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകണമെന്ന് കോടതി നിർദേശിച്ചു. പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്.
കേസ് അട്ടിമറിക്കാനും അന്വേഷണം ഒതുക്കി തീർക്കാനും പൊലീസുകാർ കൂട്ടു നിന്നുവെന്നും, അതിനാൽ പൊലീസിനെതിരായ കേസ് അന്വേഷണം അവർ തന്നെ നടത്തിയാൽ ഫലം കാണില്ലെന്നുമാണ് പെൺകുട്ടികളുടെ കുട്ടികളുടെ അമ്മ ചൂണ്ടിക്കാട്ടിയത്.
വാളയാർ കേസിൽ ഏതു തരത്തിലുള്ള അന്വേഷണത്തിനും ഒരുക്കമാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും സാങ്കേതികതയിൽ കുരുങ്ങുകയായിരുന്നു. അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ മറ്റൊരു ഏജൻസി അന്വേഷണം നടത്തുന്നതിനു കോടതി ഉത്തരവു വേണം. തുടർന്ന് സർക്കാർ അന്വേഷണത്തിനായി പ്രത്യേ സംഘം രൂപീകരിച്ചു.
കേസന്വേഷണം സിബിഐക്ക് വിടണമെന്ന് വാളയാർ ആക്ഷൻ കൗൺസിലും ആവശ്യം ഉന്നയിച്ചിരുന്നു. വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്‌സോ കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്.
കേസന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സർക്കാർ തുറന്നു സമ്മതിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.