ഉദുമയിലെ ആവർത്തന വോട്ട് ; കർശന നടപടികളുമായി ജില്ലാ ഭരണകൂടം

കാസർകോട്: ഉദുമയിലെ ആവർത്തന വോട്ട് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവം സംബന്ധിച്ച് കാസർകോട് തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് തേടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164 ബൂത്തിലെ വോട്ടറായ കുമാരിക്ക് അഞ്ച് വോട്ടുകൾ ഉൾപ്പെട്ട സംഭവത്തിലാണ് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയത്.

സംഭവം സംബന്ധിച്ച് കാസർകോട് തഹസിൽദാറോടാണ് കളക്ടർ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചെയ്ത വോട്ടുകളുടെ കാര്യത്തിലും പരിശോധന നടക്കും. ആവർത്തന വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിശദമായ പരിശോധനയാണ് ജില്ലാ ഭരണകൂടം നടത്തുക.

അതേസമയം കുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുകളിൽ ഒന്നു മാത്രമാണ് നൽകിയതെന്ന് ബിഎൽഒ ഒ. ബിന്ദു മോൾ പറഞ്ഞു. ആവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതരോട് റിപ്പോർട്ട് ചെയ്തിരുന്നതായും മറ്റ് കാർഡുകൾ തിരിച്ചേൽപ്പിച്ചിരുന്നതായും ബിന്ദു മോൾ പറയുന്നു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് മാത്രം തയാറാക്കുന്ന അന്തിമ വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം കൈക്കൊള്ളുന്നത്. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.