ചണ്ഡീഗഢ്: മംഗല്യദോഷം മാറാൻ 13-കാരനായ വിദ്യാർഥിയെ ട്യൂഷൻ അധ്യാപിക വിവാഹം ചെയ്തു. പഞ്ചാബിലെ ജലന്ധർ ബസ്തി ബവാഖേലിലാണ് സംഭവം. മംഗല്യദോഷം മാറാൻ പുരോഹിതൻ നിർദേശിച്ചതനുസരിച്ചാണ് 13-കാരനെ വിവാഹം ചെയ്തതെന്ന് അധ്യാപിക പോലീസിനോട് പറഞ്ഞു. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും അധ്യാപികയുടെ സമ്മർദത്തെ തുടർന്ന് പരാതി പിൻവലിച്ചു.
മംഗല്യദോഷം കാരണം വിവാഹം നടക്കാത്തതിൽ അധ്യാപികയായ യുവതിയും കുടുംബം ഏറെ വിഷമത്തിലായിരുന്നു. ഇതിനിടെയാണ് ദോഷം മാറാൻ ഒരു ആൺകുട്ടിയെ കൊണ്ട് യുവതിയുടെ പ്രതീകാത്മക വിവാഹം നടത്തണമെന്ന് പുരോഹിതൻ നിർദേശിച്ചത്. തുടർന്ന് തന്റെ ട്യൂഷൻ ക്ലാസിലെ വിദ്യാർഥിയായ 13-കാരനെ അധ്യാപിക വരനായി തിരഞ്ഞെടുക്കുകയായിരുന്നു.
ട്യൂഷനായി വിദ്യാർഥിയെ ഒരാഴ്ച വീട്ടിൽ താമസിപ്പിക്കണമെന്ന് അധ്യാപിക 13-കാരന്റെ വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ച് വിദ്യാർഥി അധ്യാപികയുടെ വീട്ടിൽ താമസിക്കുകയും ചെയ്തു. ഇതിനിടെയാണ് വിവാഹവും മറ്റു ചടങ്ങുകളും നടന്നത്. വിവാഹചടങ്ങുകൾക്ക് ശേഷം അധ്യാപിക വളകൾ തച്ചുടച്ച് സ്വയം വിധവയായി പ്രഖ്യാപിച്ചു. പിന്നാലെ പ്രതീകാത്മക അനുശോചന ചടങ്ങുകളും നടത്തി.
ഒരാഴ്ച കഴിഞ്ഞ് 13-കാരൻ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് നടന്ന സംഭവങ്ങളെക്കുറിച്ച് മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. 13-കാരനെ തടവിലാക്കി വിവാഹം നടത്തിയതിന് പുറമെ വീട്ടുജോലികൾ ചെയ്യിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ അധ്യാപികയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പരാതി ഒതുക്കിതീർക്കാനായിരുന്നു ഇവരുടെ ശ്രമം. പിന്നീട് കുടുംബത്തെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കുകയും ചെയ്തു. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ തടവിലാക്കി വിവാഹം ചെയ്തെന്ന സംഭവം ഗുരുതര വിഷയമാണെന്നും അന്വേഷണം തുടരുകയാണെന്നും ജലന്ധർ ഡിഎസ്പി ഗുർമീത് സിങ് പറഞ്ഞു. എന്നാൽ സംഭവത്തിൽ അധ്യാപികയ്ക്കെതിരെയോ ഇവരുടെ കുടുംബത്തിനെതിരെയോ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.