പിജെ ജോസഫും പിസി തോമസും ഒന്നിച്ചു; പിജെ ജോസഫ് കേരള കോൺഗ്രസ് ചെയർമാൻ; പിസി തോമസ് ഡപ്യൂട്ടി ചെയർമാൻ

കോട്ടയം: എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ച് യുഡിഎഫിലേക്ക്. പിജെ ജോസഫ് ഗ്രൂപ്പുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് പിസി തോമസ് കടുത്തുരുത്തിയില്‍ നടന്ന ലയന സമ്മേളനത്തിൽ വ്യക്തമാക്കി. ലയന ശേഷം നടന്ന യുഡിഎഫിന്റെ കടുത്തുരുത്തി മണ്ഡലം കൺവൻഷൻ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

പിസി തോമസിന്റെ വരവ് യുഡിഎഫിന് ശക്തിപകരുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. പിസി തോമസ് എത്തേണ്ടിടത്ത് എത്തി. പിൻവാതിൽ നിയമനത്തിനും അഴിമതിക്കുമെതിരെ ജനങ്ങൾക്ക് പ്രതികരിക്കാൻ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പിജെ ജോസഫാണ് ഇനി കേരള കോൺഗ്രസിന്റെ ചെയർമാൻ. പിസി തോമസ് ഡപ്യൂട്ടി ചെയർമാനാകും. ജോസ് കെ മാണി വിഭാഗവുമായുള്ള കേസില്‍ രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന്റെ താത്പര്യ പ്രകാരമാണ് ലയനം നടന്നത്. രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ സാധ്യമല്ലാതെ വന്നതോടെയാണ് പിസി തോമസ് വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത്.

കേരള കോണ്‍ഗ്രസ് എന്ന പേരാണ് പിസി തോമസ് വിഭാഗത്തിന്റേത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയും ഉണ്ട്. ലയനത്തോടെ ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് ആകും. നിലവില്‍ കസേരയാണ് പിസി തോമസ് വിഭാഗത്തിന്‍റെ ചിഹ്നം.