കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറും എംപിയുമായ കെ. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി ധർമടത്ത് മത്സരിക്കാൻ സുധാകരൻ താത്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാർഥിയായി ധർമടത്ത് മത്സരിക്കാൻ സുധാകരൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നതായിരുന്നു നേരത്തെ വാർത്തകർ പ്രചരിച്ചത്.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുമായി സുധാകരൻ ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങളിൽ അടിസ്ഥാനമില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. സ്ഥാനാർഥിയാകാനുള്ള സന്നദ്ധത ആരെയും അറിയിച്ചിട്ടില്ല. വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല.
ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാർഥിയാകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും സുധാകരൻ പ്രതികരിച്ചു. അതേസമയം, വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് സുധാകരൻ്റെ പേര് പ്രവർത്തകർ ഉയർത്തിക്കാട്ടിയത്.