കോൺഗ്രസ് അന്തിമപട്ടിക സോണിയ അംഗീകരിച്ചു; സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

ന്യൂഡെൽഹി: കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉച്ചയോടെയാകാൻ സാധ്യത. സോണിയ ഗാന്ധി സ്ഥാനാർഥി പട്ടിക കണ്ട് അംഗീകരിച്ചതായാണ് സൂചന. എഐസിസി വാർത്താക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനം നടത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തിൽ എഐസിസിയുടെ അനുമതി തേടിയിട്ടുണ്ട്.

നേമത്ത് കെ മുരളീധരൻ്റെ പേര് സോണിയ ഗാന്ധി അംഗീകരിച്ചു. സംസ്ഥാന നേതാക്കൾ മുരളിയുടെ പേരിൻ്റെ കാര്യത്തിൽ ഇന്നലെ തന്നെ ധാരണയിലെത്തിയിരുന്നു. മുരളീധരനെ ഹൈക്കമാൻഡ് ഡെൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. എംപിമാർ മൽസരിക്കേണ്ടെന്ന ഹൈക്കമാൻഡ് നിർദേശത്തിൽ മുരളീധരന് ഇളവ് നൽകിയിട്ടുണ്ട്.

നിലമ്പൂർ, പട്ടാമ്പി സീറ്റുകളിൽ പ്രഖ്യാപനം വൈകാനാണ് സാധ്യത. വി വി പ്രകാശിനെ മുല്ലപ്പള്ളി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. ആര്യാടൻ ഷൗക്കത്തിനെയും വിളിപ്പിച്ചിട്ടുണ്ട്. ആറൻമുളയിൽ കെ ശിവദാസൻ നായരായിരിക്കും സ്ഥാനാർത്ഥി.

തർക്കം നിലനിന്ന കൊല്ലത്ത് ബിന്ദുകൃഷ്ണ മൽസരിക്കും. പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും. തൃപ്പൂണിത്തുറയിൽ കെ ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ഇരുവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറായിരിക്കും സ്ഥാനാർത്ഥി.