കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി നാമനിർദ്ദേശപത്രിക സമർപ്പിക്കും. ചൊവ്വാഴ്ച പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പം രാവിലെ 11ന് പത്രിക സമർപ്പിക്കാനാണ് തീരുമാനം. അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറായ പാമ്പടി ബിഡിഒയ്ക്ക് മുൻപാകെയാകും പത്രിക സമർപ്പിക്കുക.
അതേസമയം ഉമ്മൻ ചാണ്ടി തലസ്ഥാനത്താണെങ്കിലും പുതുപ്പള്ളിയിൽ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രചരണം തുടങ്ങി. ഇന്ന് മുതൽ മണ്ഡലത്തിൻ്റെ വിവിധ മേഖലകളിൽ ഭവനസന്ദർശനം ഉൾപ്പടെ തുടങ്ങിയാണ് പ്രചരണം പുരോഗമിക്കുന്നത്. പത്രിക സമർപ്പിക്കുന്ന ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പാമ്പടിയിൽ മണ്ഡലം കൺവൻഷനും നടക്കും. പാമ്പാടി സെൻറ് ജോൺസ് പള്ളി പാരിഷ് ഹാളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. വാകത്താനം, പാമ്പടി, മീനടം, അയർക്കുന്നം എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ ഇന്ന് ഉദ്ഘാടനം ചെയ്തു.
സീറ്റ് ചർച്ചകൾ പൂർത്തിയായെങ്കിലും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ചൊല്ലി പ്രാദേശിക തലത്തിൽ നടക്കുന്ന പ്രതിഷേധം തണുപ്പിക്കാൻ വരും ദിവസങ്ങളിലും ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് തുടരും.
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും പ്രാദേശിക നേതൃത്വവുമായി നടത്തുന്ന ചർച്ചകളോടെ പ്രതിഷേധങ്ങൾ തീരുമെന്നാണ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. ഈ ചർച്ചകൾക്ക് ശേഷം അദ്ദേഹം പുതുപ്പള്ളിയിലെ പ്രചരണത്തിൽ സജീവമാകും.