സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെൻ്റ് ജീവനക്കാർക്കും സുരക്ഷയില്ലെന്ന് റിപ്പോർട്ട്

കൊച്ചി: സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് ഓഫീസിനു സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായി. ഈ കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാരില്‍നിന്നും ഭരണപക്ഷത്തുനിന്നും നിരന്തരം ഭീഷണിയും ആക്ഷേപവും ഉയര്‍ത്തുന്ന സാഹര്യത്തിലാണിത്. സമീപനാളുകളില്‍ നടന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കി എൻഫോഴ്സ്മെൻ്റ് കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് അയച്ചു. ഉദ്യോഗസ്ഥര്‍ക്കു ജീവനു ഭീഷണിയുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ടു ഉന്നതരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍, ഇഡി ഓഫീസിനും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ആവശ്യമാണ്. ഭീഷണി സംസ്ഥാന സര്‍ക്കാരില്‍ നിന്നുതന്നെ ആയതിനാല്‍, പോലീസ് സുരക്ഷയില്‍ ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം അതീവ ഗൗരവത്തോടെയാണു കേന്ദ്രം കാണുന്നത്. നിലവില്‍ ആവശ്യാനുസരണം പോലീസിനെയാണു സുരക്ഷയ്ക്കു വിളിയ്ക്കുന്നത്.

സ്വര്‍ണ്ണക്കടത്തുകേസ് പ്രതികളുടെ സുരക്ഷയ്ക്കു പോലീസിനെയാണു നിയോഗിച്ചത്. എന്നാല്‍, സുരക്ഷയ്‌ക്കെത്തിയ പോലീസുകാര്‍ അന്വേഷണം അട്ടിമറിയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട പോലീസുകാരികളാണു സ്വപ്നയുടെ ഫോണ്‍ ചോര്‍ത്തി നല്‍കിയത്. അതിനാല്‍, പോലീസില്‍ വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ പേരുപറയണമെന്നു സ്വപ്നയെ നിര്‍ബന്ധിച്ചെന്ന പോലീസുകാരികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥനെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിപി) നിയമോപദേശം നല്‍കിയതു രാഷ്ട്രീയ പ്രേരിതമാണ്.

മുഖ്യമന്ത്രിക്കെതിരേ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്കു സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണു കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചത്. സര്‍ക്കാര്‍ നീക്കത്തെ ശക്തമായി നേരിടാനാണു ഇഡിയുടെ തീരുമാനം. ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ നടപടി നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുമായി ബന്ധമുള്ളവരെപ്പറ്റി അവരോടു ചോദിക്കുന്നതു നിയമവിരുദ്ധമാവില്ല.

ജയില്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയില്‍ പുറത്തുവന്ന ശബ്ദരേഖ തന്റേതു തന്നെയെന്നു സ്വപ്ന സമ്മതിച്ചിരുന്നു. ഈ കേസിന്റെ ഭാഗമായി സ്വപ്നയുടെ മൊഴിയെടുത്ത ഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റിന്റെ ഓഫീസില്‍ വച്ചു തനിക്കു പോലീസ് ഉദ്യോഗസ്ഥ ഫോണ്‍ കൊണ്ടുവന്നു നല്‍കി തന്റെ ബുദ്ധിമുട്ടുകള്‍ പറയാന്‍ ആവശ്യപ്പെട്ടുവെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മറുതലക്ക് ആരാണെന്നു തനിക്കറിയില്ലായിരുന്നു. താന്‍ കാര്യങ്ങള്‍ സംസാരിച്ചു. ഫോണ്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥയെ കുറിച്ചു തനിക്കോര്‍മ്മയില്ല എന്ന വിവരവും സ്വപ്ന നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ പ്രതികളുടെ സുരക്ഷാ പോലീസുകാരെ ഏല്‍പിക്കാനാവില്ലെന്നും ഇഡി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന ശേഷമാണു ഇഡി അവരുടെ മൊഴി രേഖപ്പെടുത്തിയതും സ്വപ്ന കോടതിയില്‍ രഹസ്യമൊഴി നല്‍കിയതും. ഈ മൊഴികളിലൊന്നും മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്നു സ്വപ്ന പറയുന്നില്ല. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ടു പോകാമെന്നാണു നിയമോപദേശം.

ആദ്യഘട്ടത്തില്‍ സ്വപ്ന നല്‍കിയ മൊഴിയാണ് ഏറ്റവും പ്രധാനമെന്നും അതാണു വിശ്വസിക്കേണ്ടതെന്ന നിലപാടാണു ഡി.ജി.പിയ്ക്കുള്ളത്. എന്നാല്‍, ഉന്നതരുടെ സഹായത്തോടെ കേസില്‍ നിന്നു രക്ഷപെടാമെന്ന വിശ്വാസം നഷ്ടപ്പെട്ടതോടെയാണു സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നാണു കസ്റ്റംസിന്റെയും ഇ.ഡിയുടെയും വാദം.