തിരുവനന്തപുരം: നടൻ വിനു മോഹന്റെ പേരും സ്ഥാനാർത്ഥി പട്ടികയിലുൾപ്പെടുത്തി ബിജെപി. കൊട്ടാരക്കര മണ്ഡലത്തിലാണ് വിനു മോഹന്റെ പേര് ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കുകയാണെങ്കിൽ തിരുവനന്തപുരത്ത് അടുത്തിടെ ബിജെപിയിൽ ചേർന്ന നടൻ കൃഷ്ണകുമാറിനെ പരിഗണിക്കാനാണ് തീരുമാനം. മത്സരിക്കാൻ സുരേഷ് ഗോപി വിമുഖത കാട്ടിയിരുന്നതായാണ് സൂചന. എന്നാൽ താരത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.
സംസ്ഥാനത്ത് ബിജെപി 115 സീറ്റുകളിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞടുപ്പ് സമിതി യോഗത്തിനുശേഷം ഉച്ചയ്ക്ക് ബിജെപി ദേശീയ നേതാക്കളും കേരത്തിലെ പാർട്ടി നേതൃത്വവും വീണ്ടും യോഗം ചേരും. ഇതിന് ശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.
കഴക്കൂട്ടത്തെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതായാണ് സൂചന. കടകംപള്ളി സുരേന്ദ്രനെതിരെ ആരെ കളത്തിലിറക്കുമെന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. നേമം കൂടാതെ കഴക്കൂട്ടവും ബിജെപി വലിയ രീതിയിൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ്.