തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമീപം 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. അനുമതി നൽകുന്നതിന് മുൻപ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ദൂരം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ഉത്തരവിൽ വ്യക്തമാക്കി.
വിദ്യാർഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനെ മുൻനിർത്തിയാണ് നടപടി. ഇതിനു വിരുദ്ധമായി അടിയന്തര സാഹചര്യത്തിൽ പെട്രോൾ പമ്പ് അനുവദിക്കേണ്ടി വന്നാലും 30 മീറ്റർ അകലം നിർബന്ധമായി പാലിക്കണം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സ്കൂളിൻറെയും ആശുപത്രിയുടെയും 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പ് അനുവദിക്കാൻ പാടില്ല. ഏതെങ്കിലും കാരണവശാൽ 50 മീറ്ററിനുള്ളിൽ സ്ഥാപിക്കേണ്ടി വന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
എന്നാൽ അപ്പോഴും 30 മീറ്ററിനുള്ളിൽ സ്ഥാപിക്കാൻ പാടില്ല. ദേശീയ ഹരിത ട്രൈബ്യൂണലിൻറെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർക്കുലർ പുറപ്പെടുവിച്ചത്.