കൊച്ചി: നിയസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജൻ. നിയമ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നിയമപോരാട്ടം തുടരും. വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകും. ജയിലിൽ കിടക്കേണ്ടി വന്നാൽ കിടക്കും,’ ജയരാജൻ പറഞ്ഞു. വെള്ളിയാഴ്ചയാണ് നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞത്. കെ.ടി. ജലിലീൽ, ഇ.പി. ജയരാജൻ അടക്കമുള്ളവർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെഎം മാണിക്കെതിരായി ഉയർന്ന ആരോപണത്തെ തുടർന്നാണ് നിയമസഭയിൽ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ പ്രതിഷേധം അരങ്ങേറിയത്.
കൈയ്യാങ്കളിയും പൊതുമുതൽ നശിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിരുന്നു.
അന്നത്തെ എംഎൽഎമാരായിരുന്ന കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, വി. ശിവൻകുട്ടി, സി.കെ. സദാശിവൻ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേർക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ നടപടി ആരംഭിച്ചതിനിടയിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തിൽ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ തുടങ്ങിയവരടക്കമുള്ളവർ വിചാരണ നേരിടേണ്ടിവരും.