മെമു ട്രെയിൻ സർവീസുകൾ 15 മുതൽ; സീസൺ ടിക്കറ്റും എക്സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് യാത്രയും അനുവദിക്കാൻ വൈകും

കൊച്ചി: സംസ്ഥാനത്ത് മെമു ട്രെയിൻ സർവീസുകൾ 15ന് ആരംഭിക്കും. എന്നാൽ സ്ഥിരം റെയിൽവേ യാത്രക്കാരുടെ പ്രധാന ആവശ്യമായ സീസൺ ടിക്കറ്റും എക്സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് യാത്രയും അനുവദിച്ചുകിട്ടാൻ അൽപം കൂടി കാത്തിരിക്കേണ്ടിവന്നേക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത് നടപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പാണ് കേരളത്തിലും തമിഴ്നാട്ടിലും പത്ത് മെമു സർവീസുകൾ പുനരാരംഭിക്കാൻ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കിയത്. ഇനി കൂടുതൽ സർവീസുകൾ പുനരാരംഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടുകയോ, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സർവീസുകൾ വിപുലമാക്കാൻ അനുവദിച്ച് പ്രത്യേക ഉത്തരവിറക്കുകയോ വേണ്ടിവരും . ഇതിന്റെ ഭാഗമായി സീസൺടിക്കറ്റും അനുവദിച്ചേക്കും.

സംസ്ഥാനത്ത് എട്ട് പാസഞ്ചർ,മെമുസർവീസുകൾക്കാണ് അനുമതി നൽകിയത്. കോട്ടയം വഴിയുള്ള സർവീസുകൾക്കും കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസുകൾക്കുമാണ് അനുമതിയില്ലാത്തത്. എറണാകുളത്തുനിന്ന് ഷൊർണൂരിലേക്കും ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്കും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്കും ആണ് സർവീസുകൾ തുടങ്ങുന്നത്.

മെമുവിൽ റിസർവേഷൻ ഉണ്ടാകില്ലെങ്കിലും എക്സ്‌പ്രസ് നിരക്കായിരിക്കും ഈടാക്കുക. സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുക്കാം. എറണാകുളം– ഷൊർണൂർ ഒഴികെയുള്ള മെമു സർവീസുകൾ ഞായറാഴ്ചയുണ്ടാകില്ല.ആഴ്ചയിലൊരിക്കൽ 8 കോച്ചുകളുള്ള മെമുവായിരിക്കും സർവീസ് നടത്തുക. ബാക്കി ദിവസങ്ങളിൽ 12 കോച്ചുകളുമുണ്ടാകും.

മെമു സർവീസുകൾ പുനരാരംഭിക്കുമ്പോൾ അവയ്ക്ക് ഹാൾട്ട് സ്റ്റേഷനുകളിൽ താത്കാലികമായി സ്റ്റോപ്പുണ്ടാകില്ല. കൊല്ലം– ആലപ്പുഴ– കൊല്ലം മെമു മൺറോതുരുത്ത്, കരുവാറ്റ, തകഴി, പുന്നപ്ര സ്റ്റേഷനുകളിൽ നിറുത്തില്ല. ആലപ്പുഴ–എറണാകുളം–ആലപ്പുഴ മെമു തുമ്പോളി, കലവൂർ, തിരുവിഴ, വയലാർ, എഴുപുന്ന, അരൂർ ഹാൾട്ടുകളിലും എറണാകുളം–ഷൊർണൂർ–എറണാകുളം മെമു ചൊവ്വര, കൊരട്ടി അങ്ങാടി, ഡിവൈൻ നഗർ, നെല്ലായി, മുള്ളൂർക്കര എന്നിവിടങ്ങളിലും നിറുത്തില്ല.

ഷൊർണൂർ–കണ്ണൂർ–ഷൊർണൂർ മെമുവിന് വെള്ളയിൽ, ചേമഞ്ചേരി, വെള്ളരക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാലി, ധർമടം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.

മെമു സർവീസുകളും സർവീസ് ആരംഭിക്കുന്ന തീയതിയും

06014 കൊല്ലം – ആലപ്പുഴ, പുലർച്ചെ 3.30– 5.45 ( മാർച്ച് 15 മുതൽ)06013 ആലപ്പുഴ– കൊല്ലം, വൈകിട്ട് 5.20– 7.25 (17 )06016 ആലപ്പുഴ– എറണാകുളം, രാവിലെ 7.25– 9.00 (15)06015 എറണാകുളം – ആലപ്പുഴ, ഉച്ചയ്ക്ക് 3.40– 5.15 (17)06018 എറണാകുളം – ഷൊർണൂർ, വൈകിട്ട് 5.35– 8.50 (15)06017 ഷൊർണൂർ – എറണാകുളം, പുലർച്ചെ 3.30– 6.50 (17)06023 ഷൊർണൂർ – കണ്ണൂർ, പുലർച്ചെ 4.30– 9.10 (16)06024 കണ്ണൂർ– ഷൊർണൂർ, വൈകിട്ട് 5.20– 10.55 (16)