സ്വാധീനമുള്ള അഞ്ച് സീറ്റുകളിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കാനൊരുങ്ങി യാക്കോബായ സഭ

കൊച്ചി: യാക്കോബായ സഭയ്ക്ക് ഏറെ സ്വാധീനമുള്ള അഞ്ച് സീറ്റുകളിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കാനൊരുങ്ങി യാക്കോബായ സഭ. പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് സഭ മൽസരിക്കാൻ ഇറങ്ങുന്നത്. സ്വന്തന്ത്രരായാണോ എൻ ഡി എ മുന്നണിയിലാണോ മൽസരിക്കുന്നതെന്ന് നാളെ അറിയാം. സഭ നേതൃത്വവും അമിത് ഷായും തമ്മിലുള്ള ചർച്ച നാളെ ഡൽഹിയിൽ നടക്കും. രാജ് നാഥ് സിംഗ് അടക്കമുള്ള മറ്റു മന്ത്രിമാരുമായും ചർച്ച നടത്തും.

കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ സഭാ നേതൃത്വം ആർ.എസ്.എസ് ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇക്കുറി ഇടതു മുന്നണിക്കൊപ്പം നിൽക്കാനായിരുന്നു സഭയുടെ ആദ്യ തീരുമാനം. എന്നാൽ തിരുവനന്തപുരത്ത് നടന്ന സമരത്തിന് നേരെ സർക്കാർ മുഖം തിരിച്ചതായിരുന്നു സഭയ്ക്ക് ഏറ്റ ആദ്യപ്രഹരം. പിന്നീട്
പെരുമ്പാവൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കമാണ് സഭയെ ചൊടിപ്പിച്ചത്.

സഭയ്ക്ക് ഏറെ പ്രിയപ്പെട്ട എൻസി മോഹനന് സീറ്റ് നൽകാത്തതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. സഭ തർക്കത്തെ പറ്റി ഏറെ ഗ്രാഹ്യമുള്ള നേതാവാണ് അഡ്വ. എൻ.സി മോഹനൻ. ജയിച്ച് നിയമസഭയിലെത്തിയാൽ യാക്കോബായ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നും സഭാ നേതൃത്വം വിശ്വസിച്ചിരുന്നു.

അവസാന നിമിഷം വരെ പെരുമ്പാവൂരിൽ ഇടതു മുന്നണി സ്ഥാനാർഥിയായി എൻ.സി മോഹനൻ്റെ പേരായിരുന്നു ഉയർന്നു വന്നത്. എന്നാൽ ജോസ് കെ.മാണിയുടെ പിടിവാശിയ്ക്കു മുമ്പിൽ പെരുമ്പാവൂർ സീറ്റ് അടിയറവ് വെയ്ക്കുകയായിരുന്നു.

പെരുമ്പാവൂർ സീറ്റ്എൻസി മോഹനന് തന്നെ നൽകണമെന്നാവശ്യപ്പെട്ട് യാക്കോബായ, കത്തോലിക്ക സഭകളുടെ നേതൃത്വങ്ങൾ ഇടതുമുന്നണിയേയും ജോസ് കെ മാണിയേയും സമീപിച്ചിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാൻ ഇരുകൂട്ടരും തയ്യാറായില്ല. ഇത് ഇടതു മുന്നണിയ്ക്കും കേരളാ കോൺഗ്രസ് മാണിവിഭാഗത്തിനും ഒരു പോലെ വിനയാകുമെന്നാണ് വിലയിരുത്തൽ.

കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ സ്ഥാനാർഥികൾ മൽസരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണിക്കെതിരെ പ്രവർത്തിക്കാനാണ് നിലവിലെ സഭാ തീരുമാനം. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയോടെയെ ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയൂ എന്നാണ് ആർ എസ് എസ് ദേശീയ തേൃത്വത്തിന്‍റെ വിലയിരുത്തൽ.

ഇതേ തുടർന്ന് ബി.ജെ.പി ഓർത്തഡോക്സ് സഭയുമായി ബന്ധമുണ്ടാക്കിയിരുന്നു. എന്നാൽ കോന്നി ഉപതെരഞ്ഞെടുപ്പോടെ ആ ബന്ധത്തിൽ വിള്ളലുണ്ടായി. 30,000 വോട്ട് കോന്നിയിലുണ്ടെന്നാണ് ഓർത്തഡോക്സ് സഭ ബി.ജെ.പിയെ വിശ്വസിപ്പിച്ചത്. എന്നാൽ വോട്ടെണ്ണിയപ്പോൾ ആയിരത്തിൽ താഴെ വോട്ടുകളായിരുന്നു സഭയുടേതായി ബി.ജെ.പിക്ക് ലഭിച്ചത്.

ഇന്ത്യൻ ക്രൈസ്ത സഭയാണ് ഓർത്തഡോക്സ് വിഭാഗമെന്നും യാക്കോബായ സഭ വിദേശികളാണെന്നുമായിരുന്നു പ്രചരണം.