സിപിഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല; ഐസക്കിനെയും പി ജയരാജനെയും ഒതുക്കിയതിന് പിന്നില്‍ പിണറായിയെന്ന് ബര്‍ലിന്‍

കണ്ണൂര്‍: സിപിഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുന്നതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നത്. ഇത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ വോട്ട് കുറയാന്‍ ഇടയാക്കും. പിണറായി വിജയന്‍ അറിയാതെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലെന്നും ബര്‍ലിന്‍ ചൂണ്ടിക്കാട്ടി.

പി ജയരാജന് സീറ്റ് നല്‍കാത്തതിലും പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. പാര്‍ട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. ഡോ. തോമസ് ഐസക്കിനെയും ജി. സുധാകരനെയും ഒഴിവാക്കരുതായിരുന്നു. സീറ്റ് നിഷേധിച്ചതിന്‍റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും ബര്‍ലിന്‍ കുറ്റപ്പെടുത്തി.

ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളെ അംഗീകരിക്കണം. അല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കരുത്. പിണറായി സര്‍ക്കാറിന്‍റെ മികവില്‍ സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉറപ്പാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.