ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്

കൊച്ചി : ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. ബാബുവിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും കേസ് ഒഴിവാക്കണമെന്നും അറിയിക്കുന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് സെൻട്രൽ റെയ്ഞ്ച് സൂപ്രണ്ട് ബാർ കോഴ കേസിൽ കെ ബാബുവിന് പങ്കില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു ബാർ ലൈസൻസുകൾ അനുവദിക്കാൻ കോഴ വാങ്ങിയെന്നായിരുന്നു പരാതി. ബാറുകൾക്ക് ലൈസൻസ് നൽകുന്നതിന് കെ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരൻ പോലും പറയുന്നില്ലെന്നും, ബാർ അസോസിയേഷൻ പിരിച്ചെടുത്തതായി പറയുന്ന മൂന്ന് കോടി 79 ലക്ഷം രൂപ കേസ് നടത്തിപ്പുകൾക്കായി പിരിച്ചതാണെന്നുമാണ് റിപ്പോർട്ടിലുള്ളത്.

വസ്തുതാ വിരുദ്ധമായ കേസാണിതെന്നാണ് റിപ്പോർട്ടിലുള്ളത്. ആരോപണം തെളിയിക്കാനാവശ്യമായ തെളിവുകളില്ലാത്തതിനാൽ കേസിലെ തുടർ നടപടികൾ ഒഴിവാക്കണമെന്നാണ് വിജിലൻസ് അന്തിമ റിപ്പോർട്ടിലുള്ളത്. ചില ബാർ ലൈസൻസ് അപേക്ഷകൾ മാസങ്ങളോളം പിടിച്ചു വച്ചപ്പോൾ ചിലതിന് പ്രത്യേക താൽപര്യമെടുത്ത് അനുമതി നൽകി, സുഹൃത്തുക്കളുടെയും, ബിനാമികളുടെയും പേരിലുള്ള ബാറുകൾക്കരികിലെ മദ്യവിൽപ്പനശാലകൾ പൂട്ടാൻ ഉത്തരവിട്ടു എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ.