തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. രാത്രി 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നുവരെ അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തി അനുബന്ധ പട്ടിക 20ന് പ്രസിദ്ധീകരിക്കും.
2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് തികയുന്ന ആർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഇതിനു www.voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് വഴിയും പേര് ചേർക്കാവുന്നതാണ്. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വയമോ അപേക്ഷിക്കാം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമായതിനാൽ വോട്ടർ പട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ nvsp.in ൽ തന്നെ വോട്ടർ പട്ടികയിൽ പേര് നോക്കാനുള്ള സൗകര്യം ഉണ്ട്.
നാളെ മുതൽ വീണ്ടും അപേക്ഷ നൽകാമെങ്കിലും ഇവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല. മാർച്ച് 9ന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.