തിരുവനന്തപുരം: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് കെഎസ്ഇബി വൈദ്യുതി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത.
ഇതിനായി വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്ക് നൽകണം. അപേക്ഷയോടൊപ്പം , പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ് , സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ മുതലായവ) അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെന്റ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണം.
200 രൂപ വിലവരുന്ന മുദ്രപത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമർപ്പിക്കണം. ജീവൻ രക്ഷാ ഉപകരണങ്ങൾക്കു വേണ്ട മുഴുവൻ വൈദ്യുതിയും സൗജന്യമായി ലഭിക്കും. ജീവൻ രക്ഷാ ഉപകരണങ്ങൾക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകൾ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കും.
ആറ് മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻ രക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന അസിസ്റ്റന്റ് എൻജിനീയറുടെ സർട്ടിഫിക്കറ്റിൻമേൽ ഇളവ് തുടരാവുന്നതാണ്.