വിവാദമായ ഐ ഫോൺ; കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ കയ്യിൽ;‌ ചോദ്യം ചെയ്യലിന് കസ്റ്റംസ്

തിരുവനന്തപുരം: വിവാദമായ ഐ ഫോൺ ഉപയോഗിച്ച സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്താഴ്‌ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് വിനോദിനി ബാലകൃഷ്‌ണന് നോട്ടീസ് നൽകിയിരിക്കുന്നത്.

സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്ത് വിവാദമായതോടെ ഐ ഫോൺ ഉപയോഗം വിനോദിനി നിർത്തുകയായിരുന്നു. ഫോണിൽ നിന്ന് യൂണിടാക്ക് ഉടമയെ വിനോദിനി വിളിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

1.13 ലക്ഷം വില വരുന്ന ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് കോഴ നൽകിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നൽകിയ മൊബൈൽ ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർ രാജീവൻ, പദ്മനാഭ ശർമ്മ, ജിത്തു, പ്രവീൺ എന്നിവർക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

കോൺസുൽ ജനറലാണ് ഐ ഫോൺ വിനോദിനിക്ക് നൽകിയത്. ഇതിൽ ഉപയോഗിച്ചിരുന്ന സിം കാർഡും കണ്ടെത്തിയതായാണ് വിവരം
ഐഎംഇ നമ്പർ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഈ ഫോണിൽ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പൻ ഐഫോണുകൾ വാങ്ങി നൽകിയത് എന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഈ ഫോണ്‍ സന്തോഷ് ഈപ്പൻ എന്തിന് കോടിയേരിയുടെ ഭാര്യയ്ക്ക് നൽകി എന്നതാണ് കാര്യങ്ങൾ മൊത്തത്തിൽ സങ്കീര്‍ണമാക്കുന്നത്.

മേൽപ്പറഞ്ഞ വിവാദ സംഭവങ്ങൾ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിൻ്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് തുടങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കേയാണ് കോടിയേരിയുടെ ഭാര്യക്കെതിരെ നിര്‍ണായക വെളിപ്പെടുത്തൽ വരുന്നത്.

സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഐഫോണുകൾ വാങ്ങി നൽകിയതെന്ന് നേരത്തെ സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ എങ്ങനെ വിനോദിനിക്ക് കിട്ടി എന്നതിലാണ് കസ്റ്റംസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. വിനോദിനിയുടെ പേരിലുള്ള സിമ്മാണ് ഫോണിൽ ഉപയോഗിച്ചതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.