അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്; വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിജയ യാത്രയുടെ സമാപനസമ്മേളനത്തിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണായക നീക്കങ്ങൾക്കും രൂപം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാനം ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

ഇന്നു വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും.

ഉച്ചതിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് 5.30ന് ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.