പാലാരിവട്ടം മേൽപ്പാലം ഇന്ന് സർക്കാരിന് കൈമാറും; 10ന് മുമ്പ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

കൊച്ചി: പൊളിച്ചുപണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് വൈകുന്നേരം സർക്കാരിന് കൈമാറും. ഈ മാസം 10ന് മുമ്പ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും. അവസാന മിനുക്ക് പണികൾ മാത്രമാണ് അവശേഷിച്ചിരുന്നത്. പാലത്തിന്റെ ഭാരപരിശോധനകൾ നേരത്തെ പൂർത്തിയായിരുന്നു. ഭാരപരിശോധന റിപ്പോർട്ട് ആർബിഡിസികെക്കും സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും.

റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർബിഡിസികെയും നൽകുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകുക. മേല്‍പ്പാലത്തിന്‍റെ അവസാനഘട്ട പരിശോധനകള്‍ക്ക് വേണ്ടി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഇന്നലെ പാലാരിവട്ടം പാലം സന്ദര്‍ശിച്ചിരുന്നു.

പാലാരിവട്ടം പാലം ഒരു സന്ദേശമാണെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയാണ് ദൌത്യം ഏറ്റെടുത്തത്. പഴയ പാലത്തിന്‍റെ കേടുപാടുകള്‍ എവിടെയൊക്കെ എന്ന് കൃത്യമായി അറിഞ്ഞത് പൊളിച്ചുപണിയല്‍ എളുപ്പത്തിലാക്കി.