ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

തിരുവനന്തപുരം: ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിഷപ് കെപി യോഹന്നാന് എതിരായ കേസിലെ കടുത്ത നടപടികളുടെ ഭാഗമായാണ് കേന്ദ്ര ആദായനികുതി വകുപ്പിൻ്റെ നടപടി. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് കണ്ടുകെട്ടിയത്. ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കം കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

അഞ്ചൂറ് കോടിയോളം നികുതി വരുമെന്നതിനാൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് ബിലീവേഴ്‌സ് ചർച്ചിന്റെ ആസ്തി വകകൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. നികുതി വെട്ടിപ്പ് കേസിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി. നികുതി അടച്ചില്ലെങ്കിൽ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രത്തിന്റെ കൈയ്യിലാകും. ഇതോടെ സംസ്ഥാന സർക്കാരിന്റെ ശബരിമല വിമാനത്താവള പദ്ധതിയും പ്രതിസന്ധിയിലായി.

ജൂണിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയിൽ ഗ്രീൻ ഫീൽഡ് വിമാനത്താവളവുമായി മുന്നോട്ട് പോകുന്നതായി തീരുമാനിച്ചത്. ആകെ 2263.13 ഏക്കർ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്നത്. അതേസമയം ചെറുവള്ളിയിലേത് ബിലീവേഴ്‌സ് ചർച്ചും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവും ശക്തമായിരുന്നു.