കൊച്ചി: സർക്കാരിന് തിരിച്ചടിയായി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു. വിവിധ സർക്കാർ അർദ്ധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകളാണ് മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പി എസ് സി റാങ്ക് ഹോൾഡേഴ്സ് സമർപ്പിച്ച ഹർജി ഫയൽ സ്വീകരിച്ച് വിവിധ വകുപ്പുകൾക്ക് നോട്ടീസ് അയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തൽ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പിഎസ് സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്.
കില,കെൽട്രോൺ,ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മീഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തിയതി നെതിരെയാണ് ഹർജി സമർപ്പിച്ചത്.
മാർച്ച് 12ന് കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും. അതുവരെ തുടർനടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. തങ്ങൾ പിഎസ്സി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. തങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹർജിക്കാരുടെ പരാതി.