ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസം; ഡിഎംആര്‍സിയില്‍ നിന്നും രാജിവയ്ക്കാൻ ഇ ശ്രീധരന്‍

കൊച്ചി: ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഈ യൂണിഫോം ഇട്ടിട്ടുള്ള അവസാനം ദിവസമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം അന്തിമ ഘട്ട പരിശോധന നടത്താനെത്തിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1997 നവംബറിലാണ് യൂണിഫോം ആദ്യമായി ധരിച്ചത്. തുടര്‍ന്ന് 27 വര്‍ഷത്തോളം കാലം പ്രവര്‍ത്തിച്ചു. ഇനി ഡിഎംആര്‍സിയില്‍ നിന്നും രാജിവെച്ചതിന് ശേഷം മാത്രമെ നോമിനേഷന്‍ ഫോം സമര്‍പ്പിക്കുകയുള്ളുവെന്നും മെട്രൊമാന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണ്.
രാഷ്ട്രീയത്തിലെത്തിയാലും ഒരു ടെക്‌നോക്രാറ്റായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നതില്‍ ഉറപ്പുണ്ട്. പ്രായം ഒരു പ്രശ്‌നമല്ലെന്നും മനസിന്റെ പ്രായമാണ് ആത്മവിശ്വാസം നല്‍കുകയെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു

പാലാരിവട്ടം പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. പാലം നാളെയോ മറ്റന്നാളോ സർക്കാരിന് കൈമാറുമെന്നും അറിയിച്ചു. പാലത്തിന്റെ എല്ലാ പണിയും നാളത്തോടെ പൂർത്തിയാകും. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ മാത്രമാണ് ഇനി പൂർത്തികരിക്കാനുള്ളത്. ഭാരപരിശോധനാ റിപ്പോർട്ട് ഇന്ന് കൈമാറും. പാലം എപ്പോൾ തുറന്ന് കൊടുക്കണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.