കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറിയില്ലെന്നു സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നു പ്രഥമ വിവര റിപ്പോര്‍ട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്‍ട്ടും സിബിഐക്ക് ഉടന്‍ കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ രേഖകള്‍ ലഭിക്കാത്ത് വിവരം അറിയിച്ചത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വിജ്ഞാപനം ഇറക്കിയതല്ലാതെ മറ്റ് രേഖകള്‍ കൈമാറിയിട്ടില്ലന്ന് സിബിഐ അറിയിച്ചു. പോലിസിന്റെ അന്വേഷണത്തില്‍ തുടരന്വേഷണം നടത്തുന്നതിനു രേഖകള്‍ ലഭിച്ചെങ്കില്‍ മാത്രമേ കഴിയുവെന്നും സിബിഐ ബോധിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണന്നും അത് വേഗത്തില്‍ വേണമെന്നും ജസ്റ്റിസ് വി.ജി അരുണ്‍ നേരത്തെ സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും.