തിരുവനന്തപുരം: അന്തിമലട്ടത്തിലെത്തിയ സിപിഎം സ്ഥാനാർത്ഥി നിർണയം ഈ ആഴ്ചയോടെ പൂർത്തിയാകും. രണ്ടുദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ പരിശോധന നടത്തി അന്തിമ അംഗീകാരം നൽകുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
രണ്ട് ടേം മാനദണ്ഡം പൂർത്തിയായ നിരവധി മന്ത്രിമാരെയും എംഎൽഎമാരെയും വിവിധ ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടത് സംബന്ധിച്ച് സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കും.
സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിലും ഇന്ന് ധാരണയായേക്കും. എൽ ഡി എഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സി പി എം നേതൃത്വം തീരുമാനിക്കും.