ചട്ടങ്ങൾ ലംഘിച്ച് വീണ്ടും അനധികൃത നിയമനനീക്കം; സാങ്കേതിക സർവകലാശാലയിൽ പിഎസ് സി യെ ഒഴിവാക്കുന്നു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പിഎസ് സി യെ ഒഴിവാക്കി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് നിയമനത്തിന് തിരക്കിട്ട നീക്കം. സർവകലാശാലകളിലെ അനദ്ധ്യാപക നിയമനങ്ങൾ പിഎസ് സി യാണ് നടത്തേണ്ടതെങ്കിലും അനധ്യാപക തസ്തികകളായ ജോയിന്റ് ഡയറക്ടർമാരുടെയും അസിസ്റ്റൻറ് ഡയറക്ടർ മാരുടെയും തസ്തികകളി ലേക്കാണ് സാങ്കേതിക സർവ്വകലാശാല നേരിട്ട് നിയമനം നടത്തുന്നത്.

രജിസ്ട്രാർ,പരീക്ഷാ കൺട്രോളർ,ഫിനാൻസ് ഓഫീസർ, തുടങ്ങിയ അനധ്യാപക നിയമനങ്ങൾ സർവകലാശാലയ്ക്ക് നേരിട്ട് നടത്തുന്നതിനുവേണ്ടി അവയെ കരാർ നിയമനങ്ങളാക്കി നിയമഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിൻ്റെ ചുവടുപിടിച്ചാണ് പ്രസ്തുത നിയമനങ്ങൾ സർവകലാശാലാ തന്നെ നടത്തിയത്.

എന്നാൽ അദ്ധ്യാപകവിഭാഗത്തിൽ പെടാത്ത ,ജോയിന്റ് ഡയറക്ടർ,അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലെ സ്ഥിരം ഒഴിവുകലിലേക്ക് പിഎസ് സി യെ അറിയിക്കാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന്റെ തലേനാൾ സാങ്കേതികസർവകകശാല വിജ്ഞാപനം പുറപ്പെടുകയായിരുന്നു. ഈ മാസം ഇന്റർവ്യൂ നടത്തി നിയമനത്തിനാണ് നീക്കം.

സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപകരുൾപ്പടെ എല്ലാവർക്കും അപേക്ഷിക്കാനാകും. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന്റെ തലേന്നാൾ വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ട് ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങി യായിരിക്കും നിയമനം നടത്തുക. ഈ നിയമന ങ്ങൾ നടത്തുന്നതിനു വേണ്ടി സർക്കാർ തിരക്കിട്ട് സിൻഡിക്കേററിലേയ്ക്ക് കൂടുതൽ രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തി സിൻഡിക്കേറ്റ് വിപുലീ കരികരിച്ചിരുന്നു. വിജ്ഞാപനത്തിൽ സംവരണ തസ്തികകൾ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.

ആദ്യമായാണ് ഡയറക്ടർ തസ്തികകളിൽ സ്ഥിര നിയമനം നടത്തുന്നത്. ഇതേവരെ ഡെപ്യൂട്ടേഷനിലാണ് നിയമിച്ചിരുന്നത്. സർവകലാശാല അധ്യാപകർക്ക് 60 വയസു വരെ തുടരാമെങ്കിലും ഡയറക്ടർ തസ്തികകൾ അനധ്യാപകവിഭാഗത്തിൽ പെടുന്നതുകൊണ്ട് 56 വയസ്സ് വരെ മാത്രമേ സർവീസിൽ തുടരാനാവു.

മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക സർവകലാശാലയിൽ മാത്രമാണ് ഭരണവിഭാഗത്തിൽ ഡയറക്ടർ തസ്തികകൾ
സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ അഫിലിയേറ്റഡ് കോളേജ് അധ്യാപകർക്കും ഈ തസ്തികകളിൽ അപേക്ഷിക്കാൻ സർവകലാശാലയുടെ പുതിയ അനുബന്ധ ചട്ടത്തിൽ വ്യവസ്ഥ ചെയ്തത് സ്വാശ്രയ കോളേജ് അധ്യാപകരെ നിയമിക്കുക എന്ന ഉദ്ദേശത്തിലാണെന്നു ആരോപണമുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് പരീക്ഷാ കൺട്രോളറായി ഒരു സ്വാശ്രയ കോളേജ് അധ്യാപികയെ സാങ്കേതിക സർവകലാശാലയിൽ കഴിഞ്ഞ മാസം നിയമിച്ചത്. അനധ്യാപക നിയമനങ്ങൾ പിഎസ് സി വഴിമാത്രമേ നടത്താൻ പാടുള്ളുവെന്ന് വ്യവസ്ഥ യുള്ളപ്പോൾ സർവകലാശാല നേരിട്ട് നിയമനങ്ങൾ നടത്തുന്നത് ചട്ടലംഘനമാണെന്നും നിയമന നടപടികൾ നിർത്തിവയ്ക്കാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്നുമാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല സ്റ്റാഫ്‌ ഓർഗനൈസേഷൻ ഗവർണർക്ക് നിവേദനം നൽകി.