കൊച്ചി: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചതിനാണ് കേസ്. കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി നോട്ടിസ് നൽകി. കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികൾക്കും ചോദ്യംചെയ്യാൻ നോട്ടിസ് നൽകി.
കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. കിഫ്ബി പദ്ധതികൾക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ചാണ് ഇഡി വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസർവ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു.
ഇടപാട് വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങൾ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇഡികടന്നിരിക്കുന്നത്.
സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രാഥമികമായ അന്വേഷണത്തിൽ കിഫ്ബിയുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.