കൊച്ചി: പാചകവാതക വില കൂടും മുമ്പേ തയാറായ വിതരണത്തിനുള്ള ഉപഭോക്താക്കളുടെ ബില്ലുകൾ റദ്ദാക്കുന്നതിനെതിരെ പ്രതിഷേധം. വിലക്കയറ്റത്തിന് മുമ്പ് വിതരണ തീയതിയും വിലയും രേഖപ്പെടുത്തിയ ബില്ലുകളാണ് വില വർധിപ്പിക്കുമ്പോൾ റദ്ദാക്കുന്നത്. ഇവക്ക് പകരം പുതിയ വിലയാണ് ഈടാക്കുക. ഇത് ഏജൻസി ജീവനക്കാരും ഉപഭോക്താക്കളും തമ്മിലെ തർക്കത്തിന് കാരണമാകുന്നു.
നേരത്തേ ഒരു തവണ മാത്രം വർധനയുണ്ടായിരുന്നപ്പോൾ ഇത് ഉപഭോക്താക്കൾ ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ, ഒരു മാസം പല തവണ വില വർധന ഉണ്ടാവുകയും തുടർച്ചയായി ബില്ലുകൾ റദ്ദാക്കപ്പെടുകയും ചെയ്തതോടെ പല ഉപഭോക്താക്കളും വെട്ടിലാക്കിയ പശ്ചാത്തലത്തിലാണ് സംഘർഷാവസ്ഥ ഉടലെടുക്കുന്നത്.
വിലക്കയറ്റത്തിന് മുമ്പേ ബുക്ക് ചെയ്തതിന്റെ ബില്ലുകൾ റദ്ദാക്കുന്നതും ഉയർന്ന വില ഈടാക്കുന്നതും അനുവദിക്കാനാവില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. എന്നാൽ, വില പുനർനിർണയമുണ്ടാകുമ്പോൾ എണ്ണക്കമ്പനികളാണ് ബില്ലുകൾ റദ്ദാക്കുന്നതെന്നാണ് ഏജൻസികളുടെ വിശദീകരണം.