നിയമസഭാ തിരഞ്ഞെടുപ്പ്: മാർച്ച്‌ 10 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്.

നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലായ nvsp.in ൽ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പുതിയ വോട്ടർമാർക്കുൾപ്പെടെ nvsp.in വഴി പേര് ചേർക്കാം

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതിയുടെ 10 ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് മാർച്ച്‌ 10 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാവും.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി മാർച്ച്‌ 19 ആണ്. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ nvsp.in ലൂടെ തന്നെയാണ് പേര് ചേർക്കേണ്ടത്. പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്‌ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്‌ട് ചെയ്ത് പുതിയ വോട്ടർമാർക്ക് പേര് ചേർക്കൽ തുടരാവുന്നതാണ്.

മാർച്ച്‌ 10 ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.