ആടിനെ ബലിയർപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ജയ്പൂർ : കൊച്ചുമകന്റെ ചടങ്ങിൽ ആടിനെ ബലിയർപ്പിച്ചതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ക്ഷേത്രത്തിൽ ആടിനെ ബലിയർപ്പിച്ചതിനാണ് നടപടി. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ദിയോളി-മഞ്ചി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയായ ഭൻവർ സിംഗിനെയാണ് സസ്‌പെൻഡ് ചെയ്തത്.

പശുബലി ചടങ്ങിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങിൽ പ്രചരിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി സ്വീകരിച്ചത്. കസ്ബത്താന പ്രദേശത്തെ പർവാദ ജില്ലയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ കൊച്ചുമകന്റെ തല മുണ്ഡനം ചെയ്യുന്ന ചടങ്ങിലാണ് ആടിനെ ബലിയർപ്പിച്ചത്. ഇതിന്റെ 54 സെക്കന്റ് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ചടങ്ങിൽ ഇയാൾ പങ്കെടുത്തതായും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് മൃഗസംരക്ഷണ നിയമപ്രകാരം ഇയാൾക്കതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റൂറൽ എസ്പി ശരദ് ചൗധരി സ്ഥലം സർക്കിൾ ഇൻസ്‌പെക്ടറിനെയാണ് നിയോഗിച്ചിരിക്കുന്നത്.

മൃഗസംരക്ഷണ നിയമപ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുന്നതോ കൊല്ലുന്നതോ നിയമലംഘനമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും ഇത് നടത്തിവരികയാണ്.