മദ്യപിച്ച് എത്തുന്ന പുരുഷൻമാരുടെ ശല്യം വർധിച്ചു; മാസങ്ങൾക്കു ശേഷം തുറന്ന മദ്യശാല സ്ത്രീകൾ തല്ലി തകർത്തു

ചെന്നൈ: തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാല തല്ലിതകർത്ത് സ്ത്രീകൾ. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവിൽപ്പന തുടർന്നതാണ് ആക്രമണത്തിന് ഇടയാക്കിയത്. മുഴുവൻ മദ്യകുപ്പികളും സ്ത്രീകൾ റോഡിൽ എറിഞ്ഞുടച്ചു. കടലൂർ കുറിഞ്ഞപാടി ഗ്രാമത്തിലെ സർക്കാർ മദ്യവിൽപ്പന കേന്ദ്രമാണ് ഗ്രാമത്തിലെ സ്ത്രീകൾ കൂട്ടമായി എത്തി തല്ലിതകർത്തത്.

പിന്നാലെ മുഴുവൻ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകർത്തു. ഗ്രാമത്തിൽ മദ്യപിച്ച് എത്തുന്ന പുരുഷൻമാരുടെ ശല്യം വർധിച്ചതോടെയാണ് സ്ത്രീകൾ നേരിട്ട് രംഗത്തിറങ്ങിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് മാസങ്ങളായി മദ്യവിൽപ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. മദ്യവിൽപ്പകേന്ദ്രം രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്.

സമീപത്തെ കശുവണ്ടി ഫാക്ട്റിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വഴിവനടക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് പ്രദേശവാസികളായ വനിതകൾ ചൂണ്ടികാട്ടി. പൊലീസിനും അണ്ണാഡിഎംകെ എംഎൽഎക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് സ്ത്രീകൾ നേരിട്ട് എത്തി മദ്യവിൽപ്പന ശാല തല്ലി തകർത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.